കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ കേവല ഭൂരിപക്ഷം ഇല്ലാത്ത ഇടതുമുന്നണിക്ക് (എൽഡിഎഫ്) ഭരണം നഷ്ടമാകാനുള്ള സാധ്യതയേറുന്നു. ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗത്തെയും ഒപ്പം കൂട്ടിയാൽ യുഡിഎഫിന് ഭരണം പിടിച്ചെടുക്കാൻ സാധിക്കും. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് 8 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ട്. യുഡിഎഫിന് 4 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ, പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വതന്ത്രനായി വിജയിച്ച എ.പി. ഗോപിയുടെ നിലപാട് നിർണ്ണായകമാകും.
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായിരുന്ന ഗോപി നിലവിൽ പാർട്ടിക്ക് പുറത്താണ്. കുമരകം രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. യുഡിഎഫിന്റെ 4 അംഗങ്ങൾ, ബിജെപിയുടെ 3 അംഗങ്ങൾ, സ്വതന്ത്രൻ എന്നിവർ ചേർന്നാൽ 8 അംഗങ്ങളാകും. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം യോജിച്ച് നിന്നാൽ എൽഡിഎഫിനും പ്രതിപക്ഷ സഖ്യത്തിനും 8 വോട്ടുകൾ വീതം ലഭിക്കും. അങ്ങനെ വന്നാൽ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടി വരും. ഇതോടെ കുമരകത്തെ ഭരണത്തർക്കം ആകാംക്ഷയേറ്റുകയാണ്.






