തൃശ്ശൂർ: ഇന്ത്യ– ചൈന അതിർത്തി ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലൂടെ ബൈക്കിൽ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഡോ. ലിജിൽ കുരുവിളയ്ക്കും അലൻ ജിന്നിക്കും കുന്നംകുളത്ത് മനസ്സ് ഫോട്ടോ ക്ലബ്ബ് ഹൃദയപൂർവമായ സ്വീകരണം നൽകി. നവംബർ 8 മുതൽ ഡിസംബർ 23 വരെ നീണ്ട യാത്രയിൽ വെസ്റ്റ് ബംഗാൾ, ആസാം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, മേഘാലയ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മണിപ്പൂർ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ഇരുവരും സഞ്ചരിച്ചത്.
സ്വീകരണയോഗം മനസ്സ് ഫോട്ടോ ക്ലബ്ബ് ചെയർമാൻ ജയപ്രകാശ് ഇലവന്ത്രയുടെ അധ്യക്ഷതയിൽ നടന്നു. മുൻ കൗൺസിലർ പ്രസന്ന രോഷിത്ത്, കൗൺസിലർ രോഷിത്ത് ഓടാട്ട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് പനയ്ക്കൽ, ആർത്താറ്റ് സെന്റ് മേരീസ് പള്ളി സെക്രട്ടറി ബെന്നി കെ.എസ്., അഡ്വ. എൽസ അമ്പ്രയിൽ, ദിവിത കൃഷ്ണകുമാർ, ഷാജി കാണിപ്പയ്യൂർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് യാത്രാനുഭവങ്ങൾ ഡോ. ലിജിൽ കുരുവിളയും അലൻ ജിന്നിയും പങ്കുവച്ചു. ജീവകാരുണ്യ പ്രവർത്തകൻ ജിന്നി കുരുവിള നന്ദി അറിയിച്ചു.






