തിരുവന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തുടർച്ചയായി മൂന്ന് തവണ വിധികർത്താക്കളായവരെ ഒഴിവാക്കുമെന്നും, ഇത്തവണ ജഡ്ജിമാർ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. വിധികർത്താക്കളിൽ നിന്ന് സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലേബർ കോഡ് സംബന്ധിച്ച് പഠനം നടത്തുന്നതിനായി കോൺക്ലേവ് മൂന്നംഗ സമിതിയെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഗോപാല ഗൗഡയാണ് സമിതിയുടെ ചെയർമാൻ. പ്രൊഫ. ശ്യം സുന്ദറും അഡ്വ. വർക്കിച്ചൻ പേട്ടയും അംഗങ്ങളായ സമിതിയിൽ രണ്ട് ലേബർ റിസർച്ച് സ്കോളർമാരെയും ഉൾപ്പെടുത്തും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നും, ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ കാണുമെന്നും വി. ശിവൻകുട്ടി അറിയിച്ചു.






