പാലക്കാട്: ചിറ്റൂർ തേമ്പാറമട സിസ്റ്റത്തിൽനിന്ന് വിട്ട വെള്ളം പാടശേഖരങ്ങളിൽ എത്താതെ നല്ലേപ്പിള്ളി ടൗണിലെ റോഡിൽ നിറഞ്ഞൊഴുകി കടകളിൽ കയറി. ബ്രാഞ്ച് കനാലിൽ ചപ്പുചവറുകൾ നിറഞ്ഞ് നീരൊഴുക്ക് തടസ്സമായതോടെയാണ് കനാൽ കവിഞ്ഞ് റോഡിലൂടെ ഒഴുകിയത്. കനാലിൽ വെള്ളമില്ലാത്ത സമയങ്ങളിൽ തള്ളുന്ന മാലിന്യമാണ് അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നത്.
വെള്ളം പാഴായതോടെ വാലറ്റപ്രദേശങ്ങളായ വടക്കുംപുറം, തോട്ടശ്ശേരി, തെക്കുംപുറം, കലയാൻകുളമ്പ്, ചേരിപ്പറമ്പ്, കല്ലങ്കാട് എന്നിവിടങ്ങളിൽ എത്തിയില്ല. ഇതുമൂലം വളമിടാൻ കർഷകർക്ക് ബുദ്ധിമുട്ടാവും.
മുൻപും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇത്തവണയും ആവർത്തിച്ചുവെന്നും കർഷകനായ രാജൻ പറഞ്ഞു. കനാലിലെ ചപ്പുചവറുകൾ നീക്കി വീണ്ടും ജലവിതരണം നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കനാലിലെ ജലതടസ്സം ഒഴിവാക്കി ജലവിതരണം നടത്തുമെന്ന് പദ്ധതി അധികൃതർ അറിയിച്ചു.




