പാലക്കാട്: ആലത്തൂർ രണ്ടാമത്തേയും മൂന്നാമത്തേയും വളപ്രയോഗം നടത്തേണ്ട സമയമായിരിക്കെ യൂറിയാ ക്ഷാമം രൂക്ഷം. ഈ അവസരം മുതലെടുത്ത് കർഷകരെ സമർദത്തിലാക്കുകയാണ് രാസവള കമ്പനികൾ. 45 കിലോഗ്രാം ചാക്കിന് 266 രൂപ മാത്രം വിലയുള്ള യൂറിയ കിട്ടണമെങ്കിൽ, 1,000-1,200 രൂപ വിലവരുന്ന പോളിഹേലിയേറ്റ്, മൾട്ടി ന്യൂട്രിയെന്റ് തുടങ്ങിയ പുതുതലമുറ വളങ്ങൾ വാങ്ങണം. അല്ലെങ്കിൽ വില്പന കുറവുള്ള മറ്റ് ചില കൂട്ടുവളങ്ങളും ജൈവവളവും വാങ്ങണം.
ഒരു ലോഡ് യൂറിയ 9,000 കിലോഗ്രാമാണ്. ഇതിന് 53,190 രൂപ വിലവരും. പുതുതലമുറ വളങ്ങൾക്ക് ഒരു ലോഡിന് 3,42,720 രൂപ വിലവരും. ഒരു ടൺ യൂറിയ കിട്ടാൻ 500 കിലോ പുതുതലമുറ വളം വാങ്ങാൻ രാസവളക്കമ്പനികൾ വിതരണക്കാരെ നിർബന്ധിക്കുകയാണ്.വിതരണക്കാർ കർഷകരുടെ മേൽ കെട്ടിവെക്കുകയാണ് ഇത്തരം വളങ്ങൾ. ചില സ്വകാര്യ ഏജൻസികൾ യൂറിയ 300-320 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്ത്യയിൽ ആവശ്യമുള്ള യൂറിയയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.
നിഷേധിച്ച് രാസവളക്കമ്പനി അധികൃതർ
യൂറിയക്കൊപ്പം മറ്റ് വളങ്ങൾ കെട്ടിയേൽപ്പിക്കുന്നുവെന്ന ആക്ഷേപം രാസവളം കമ്പനി അധികാരികൾ നിഷേധിച്ചു. മറ്റ് രാസവളങ്ങൾകൂടി പ്രയോഗിച്ചാലേ മികച്ച വിളവ് ലഭിക്കൂ. പുതിയ വളങ്ങളും പ്രയോഗരീതികളും സംബന്ധിച്ച് കർഷകരിൽ അവബോധം ഉണ്ടാക്കാനാണ് ശ്രമമെന്ന് വിജയ്, സ്പിക്, ഇഫ്‌കോ, മംഗള, ഐ.പി.എൽ., ഫാക്ട് തുടങ്ങിയ കമ്പനികളുടെ മാർക്കറ്റിങ് വിഭാഗം വ്യക്തമാക്കി.
മൂന്നാം വളമിടേണ്ടത് ജനുവരി 15-നകം
യൂറിയാക്ഷാമം നെൽച്ചെടിയുടെ വളർച്ചയേയും വിളവിനേയും പ്രതികൂലമായി ബാധിക്കും. നടീൽ കഴിഞ്ഞും, ചെടിയുടെ വളർച്ചാ ഘട്ടത്തിലും, കതിര് വരുന്നതിന് മുൻപും എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലാണ് വളപ്രയോഗം നടത്തേണ്ടത്. ജനുവരി 15-നകം മൂന്നാം വളം ഇടേണ്ടതാണ്. നെൽച്ചെടി തഴച്ചുവളരാനും കൂടുതൽ ചിനപ്പ് പൊട്ടാനും നൈട്രജൻ അനിവാര്യമാണ്.
ഒന്നാംവിള നെൽക്കൃഷി ഏക്കറിന് ആയിരം കിലോഗ്രാം പോലും വിളവ് കിട്ടാതെ വൻ നഷ്ടമായിരുന്നു. ഈ നഷ്ടം രണ്ടാംവിളയുടെ മികച്ച വിളവിൽ നികത്താമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. കനാൽവെള്ളവും കാലാവസ്ഥയും പൊതുവേ അനുകൂലമായിരിക്കെ യൂറിയാ ക്ഷാമം എല്ലാം തകിടംമറിക്കുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്.
ബദലുണ്ട്;പക്ഷേ, ചെലവേറും
യൂറിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന വളങ്ങളിലൂടെ മണ്ണിൽ നൈട്രജന്റെ അളവ് വർധിപ്പിക്കാമെങ്കിലും ചെലവേറും. ഫാക്ടംഫോസ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, അമോണിയം സൾഫേറ്റ് എന്നിവയിലൂടെ മണ്ണിൽ നൈട്രജൻ ലഭ്യമാക്കാം. യൂറിയയേക്കാൾ രണ്ടും മൂന്നും ഇരട്ടി വിലയുള്ള വളങ്ങൾ കൂടിയ അളവിൽ കൊടുത്താലേ കാര്യമായ ഫലം കിട്ടൂ. കർഷകർക്ക് ഇത് താങ്ങാനാകില്ല. കളനാശിനികൾ യൂറിയയ്‌ക്കൊപ്പം കലർത്തി ഇടുന്നതാണ് പൊതുവേയുള്ള രീതി.
യൂറിയാ ക്ഷാമം കളനാശിനി പ്രയോഗത്തിനും തടസ്സമുണ്ടാക്കുന്നു. ചെടിയുടെ ഇലകളിൽ തളിക്കാവുന്ന ദ്രാവക രൂപത്തിലുള്ള നാനോ യൂറിയ ലഭ്യമാണെങ്കിലും ഇത് തളിച്ച ചെടികളിൽ വാട്ടമുണ്ടാകുന്നതായി കർഷകർ പറയുന്നു. ഏക്കറിന് അര ലിറ്ററാണ് ശുപാർശ ചെയ്യുന്ന അളവ്. വാട്ടം തടയാൻ ഇത് ഒന്നിച്ച് തളിക്കാതെ രണ്ടുപ്രാവശ്യമായി തളിക്കാനാണ് പുതിയ നിർദേശം. രണ്ട് പ്രാവശ്യം തളിക്കുന്നതിന് 1,500 രൂപ കൂലിയാകും.
രാസവളപ്രയോഗം കൃത്യമാക്കണം
യൂറിയാക്ഷാമത്തിന് പരിഹാരമൊന്നുമില്ലെങ്കിലും നെൽച്ചെടിയുടെ കരുത്തിനും വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും മികച്ച വിളവിനും രാസവളപ്രയോഗത്തിൽ കൃത്യത പാലിക്കണമെന്ന് കൃഷിവകുപ്പ്. ശുപാർശ ചെയ്യുന്ന അളവിൽ വളം നിശ്ചിത ദിവസങ്ങളിൽ നൽകുന്നത് പ്രധാനമാണെന്നാണ് കൃഷി ഓഫീസർമാരുടെ ഉപദേശം.




