കോട്ടയം: നഗരത്തിൽ പൂക്കാലമൊരുക്കി കോട്ടയം ഫ്ലവർ ഷോയ്ക്ക് ഇന്ന് നാഗമ്പടം മൈതാനിയിൽ തുടക്കം. പുഷ്പ ഫല സസ്യമേളയും, ഷോപ്പിങ് ഫെസ്റ്റിവലുമായി കോട്ടയം ഫ്ലവർ ഷോയും ട്രാവൻകൂർ ഫെസ്റ്റും ഇന്ന് വൈകിട്ട് അഞ്ചിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജനുവരി നാല് വരെയാണു മേള. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ മേളയിൽ പ്രവേശനമുണ്ട്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി ഒൻപത് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പതിനൊന്നു മുതൽ രാത്രി ഒൻപത് വരെയും മേള കാണാം. മേളയിൽ പ്രവേശനം പാസ് മൂലം.
അപൂർവ പുഷ്പങ്ങളുടെ ശേഖരമാണ് ഇത്തവണത്തെ പ്രധാന സവിശേഷത. വിദേശ രാജ്യങ്ങളിൽനിന്നു കൊണ്ടുവന്ന വിവിധയിനം ഓർക്കിഡുകൾ, പോയിൻസെറ്റിയ, ക്രിസാന്തിമം, മാരിഗോൾഡ്, കാലാഞ്ചിയം, ഡാലിയ, ആസ്റ്റർ തുടങ്ങിയവയുടെ വൈവിധ്യങ്ങൾ മേളയിലുണ്ട്.
മുനിസിപ്പൽ ഗ്രൗണ്ടിൽ മുപ്പത്തിനായിരം ചതുരശ്ര അടിയിലാണു പ്രദർശനം ഒരുക്കുന്നത്. അലങ്കാരപ്പക്ഷികളെ കാണുന്നതിനായി ഓപ്പൺ എയറിൽ പ്രത്യേക പ്രദർശനവുമുണ്ട്. ക്രിസ്മസ് ഷോപ്പിങ് ആഘോഷമാക്കാൻ ട്രാവൻകൂർ ഫെസ്റ്റും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.






