ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നു.
എല്‍വിഎം 3 യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.
6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍.
നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്.
രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.
ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു.
ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം









