പത്തനംതിട്ട: ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ മദ്യപിച്ച് നടുറോഡിൽ തമ്മിൽത്തല്ലി. ഇന്നലെ രാത്രി പത്തനംതിട്ട കണ്ണംകരയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി സംഘർഷം അരങ്ങേറിയത്. മദ്യലഹരിയിലായ സ്ത്രീകൾ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മേഖലയായ കണ്ണംകരയിലായിരുന്നു സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളിൽ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപ് പുരുഷന്മാർക്കിടയിലായിരുന്നു സംഘർഷമെങ്കിൽ ഇപ്പോൾ സ്ത്രീകളും സമാനമായ രീതിയിൽ പ്രശ്നമുണ്ടാക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ വിവരം പത്തനംതിട്ട പൊലീസിൽ അറിയിക്കുകയും സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.






