തൃശ്ശൂർ: റോഡിൽ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ കാർ വട്ടംവെച്ച് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കൊണ്ടുപോവുകയും ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബസ് ട്രിപ്പ് മുടക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ചാലക്കുടി ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
തുറവൂർ കിടങ്ങൂർ കവരപറമ്പിൽ എബിൻ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടിൽ ഷിൻ്റോ വർഗീസ് (39), കറുകുറ്റി കരയാംപറമ്പ് പുളിയനം വീട്ടിൽ ബെൽജോ (39) എന്നിവരെയാണ് അങ്കമാലിയിൽ നിന്ന് പോലീസ് പിടികൂടിയത്.
ഡിസംബർ 26-ന് രാത്രി 11.45-ഓടെ ചാലക്കുടി സൗത്ത് ഫ്ലൈ ഓവറിന് സമീപം സർവീസ് റോഡിലായിരുന്നു സംഭവം. സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച് വന്ന ഇടുക്കി തൊടുപുഴ തൊട്ടിപറമ്പിൽ അബ്ദുൾ ഷുക്കൂർ (53) നു നേരെയാണ് ആക്രമണമുണ്ടായത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് ബസ് സൈഡ് കൊടുത്തില്ലെന്ന വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.
ബസിന് കുറുകെ കാർ വട്ടംവെച്ച് തടഞ്ഞ പ്രതികൾ, ഡ്രൈവർ അബ്ദുൾ ഷുക്കൂറിനെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് ബസിന്റെ താക്കോൽ ബലമായി ഊരിക്കൊണ്ടുപോയി. ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ബസ് ട്രിപ്പ് മുടക്കിയതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
നടപടിക്രമങ്ങൾക്കു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
സംഭവത്തിന് ഉപയോഗിച്ച കാറിനും മറ്റ് പ്രതികൾക്കുമായുള്ള അന്വേഷണം ഊർജ്ജിതമായി നടന്നുവരുന്നു.
ചാലക്കുടി ഡി വൈ എസ് പി വി കെ രാജു, ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം കെ , സബ്ബ് ഇൻസ്പെക്ടർമാരായ അജിത്, ലാലു, ഉണ്ണികൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്കുമാർ, സിവിൽ പോലീസ് ഓഫീസർ ജിജോ പടിക്കല, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




