തൃശൂർ: ഗുരുവായൂർ, കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി തിരുനാളിന് നാളെ തുടക്കമാവുമെന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30ന് ഫാ. അജീഷ് പെരിഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ നവനാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും. വൈകീട്ട് ഏഴിന് വൈദ്യുതദീപാലങ്കാരങ്ങളുടെയും കെ.പി.കെ.യു.എ.ഇ ഒരുക്കുന്ന ദീപാലംകൃത രൂപക്കൂട് നിലപന്തലിന്റെയും സ്വിച്ച് ഓണ്‍ നടക്കും. തുടര്‍ന്ന് കോട്ടപ്പടി സെലിബ്രേഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാസന്ധ്യയും കലാസദന്റെ ഗാനമേളയും അരങ്ങേറും.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ കോട്ടപ്പടി സ്റ്റോറീസിന്റെ പകല്‍ തിരുന്നാള്‍ ബാന്‍ഡ് വാദ്യം നടക്കും. ഇടവകയിലെ വൈദികരുടെ നേതൃത്വത്തില്‍ വൈകീട്ട് 5.30ന് ആഘോഷമായ ദിവ്യബലിയും വേസ്പരയും കൂടുതുറക്കലും തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കലും നടക്കും. ആഘോഷമായ അമ്പ്-വള, കിരീടം എഴുന്നള്ളിപ്പുകള്‍ വിവിധ കൂട്ടായ്മകളില്‍ നിന്നും പള്ളിയങ്കണത്തിലെത്തും.
ശനിയാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുന്നാള്‍ ദിവ്യബലിക്ക് ഫാ. ജെയ്സണ്‍ ചൊവ്വല്ലൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ഷെബിന്‍ പനക്കല്‍ സന്ദേശം നല്‍കും. ടീം പള്ളിയങ്ങാടിയുടെ കാരുണ്യദാനവും വൈകീട്ട് ഏഴിന് മാക്സോള്സിന്റെ നേതൃത്വത്തില്‍ നടക്കല്‍ മേളവും ഉണ്ടാകും. വൈകീട്ട് നാലിന് ദിവ്യബലിക്കുശേഷം പ്രദക്ഷിണം ആരംഭിക്കും. രാത്രി 9.30ന് വെസ്റ്റ് ഗേറ്റ് ക്ലബ് ഒരുക്കുന്ന ഫാന്‍സി വര്‍ണ്ണമഴയും നടക്കും. രാത്രി പത്തിന് തിരുസ്വരൂപങ്ങള്‍ എടുത്തുവെക്കല്‍ ചടങ്ങിനോടൊപ്പം പൂർവികര്‍ക്ക് കണ്ടുകിട്ടിയ വിശുദ്ധ ലാസര്‍ മുത്തപ്പന്റെ തിരുസ്വരൂപം വണങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ജനുവരി നാലിന് വൈകീട്ട് ഏഴിന് യുണൈറ്റഡ് ക്ലബ് സ്പോണ്സര് ചെയ്യുന്ന ഗാനമേളയും, ജനുവരി അഞ്ചിന് രാവിലെ ആറിനും ഏഴിനും ഇടയില്‍ ഇടവകയിലെ സകല മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുക്കര്‍മ്മങ്ങളും നടക്കും. ജനുവരി പത്തിന് വൈകീട്ട് ആറിന് വികാരി ഫാ. ഷാജി കൊച്ചുപുരക്കലിന്റെ നേതൃത്വത്തില്‍ എട്ടാമിട തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ഷാജി കൊച്ചുപുരക്കല്‍, ജനറല്‍ കണ്‍വീനര്‍ സോണി തോമസ്, കൈക്കാരന്മാരായ ജോസി ചുങ്കത്ത്, സി.എ. അലക്സ്, മനീഷ് സുരേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.കെ. ജോയല്‍, പി.ആര്.ഒ ബിജി അന്തിക്കാട് എന്നിവര്‍ പങ്കെടുത്തു.






