മലപ്പുറം: മലപ്പുറം വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മദ്യവും പണവും പിടിച്ചെടുത്തു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദ്ദീനിൽ നിന്നാണ് 1,970 രൂപ കണ്ടെത്തിയത്. കൂടാതെ ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ 11,500 രൂപയും പിടിച്ചെടുത്തു.
ഓഫീസിനകത്തെ മേശയിൽ നിന്ന് ഭാഗികമായി ഉപയോഗിച്ച നിലയിലുള്ള കുപ്പിയിലുള്ള മദ്യം വിജിലൻസ് കണ്ടെടുത്തു. ഫീൽഡ് അസിസ്റ്റന്റ് ഷറഫുദ്ദീനിനെതിരെ സേവനങ്ങൾക്ക് പകരം കൈക്കൂലി ഈടാക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികൾ മലപ്പുറം വിജിലൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു.




