തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്തുവന്നു. 50 ലക്ഷം രൂപയോ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓഫറെന്ന് ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് തലേദിവസം നടത്തിയ സംഭാഷണമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
യുഡിഎഫിനും എൽഡിഎഫിനും ഏഴു അംഗങ്ങൾ വീതം ഉണ്ടായിരുന്ന സാഹചര്യത്തിൽ, യുഡിഎഫ് പിന്തുണയോടെ വിജയിച്ച ജാഫർ കൂറുമാറി വോട്ട് ചെയ്തതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് ലഭിച്ചു. സംഭവത്തിനു പിന്നാലെ ജാഫർ രാജിവെക്കുകയായിരുന്നു. വിഷയത്തിൽ കോൺഗ്രസ് ഡിജിപിക്കും വിജിലൻസിനും പരാതി നൽകി.






