കോട്ടയം: ഓടുന്ന ട്രെയിനിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ക്രിമിനൽ കേസ് പ്രതിയെ നേരിടാനെത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എസ്.സനൽകുമാറിനാണ് വയറിനു മുകളിൽ കുത്തേറ്റത്. പ്രതി പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാറിനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ സനൽകുമാർ തന്നെ പിടികൂടി.
തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസിൽ ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിൽ ബുധനാഴ്ച രാത്രിയാണു സംഭവം. അമിതമായി മദ്യപിച്ചിരുന്ന അനിൽ ചെങ്ങന്നൂരിൽനിന്നാണു ട്രെയിനിൽ കയറിയതെന്നു പൊലീസ് പറഞ്ഞു. ഇയാൾ ടിക്കറ്റെടുത്തിരുന്നില്ല. റിസർവേഷൻ കോച്ചിൽ കയറി ബഹളമുണ്ടാക്കിയതിനെത്തുടർന്നു ട്രെയിനിലെ ടിടിഇ, അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സനൽകുമാറിനെ വിളിച്ചു.
ട്രെയിനിൽ അപ്പോൾ ബഹളം കൂടുതൽ അക്രമത്തിലേക്കു മാറിയതിനെത്തുടർന്നു സനൽകുമാർ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണു കുത്തേറ്റത്. മുറിവു ഗുരുതരമാകാതിരുന്നതിനാൽ, യാത്രക്കാരുടെ സഹായത്തോടെ അനിലിനെ പിടികൂടി കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചശേഷം യാത്ര തുടർന്നു.
ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ സനലിനു ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. കൊടുമൺ സ്റ്റേഷനിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനിൽകുമാറെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു. തുടർന്ന് ഇയാളെ കോടതി റിമാൻഡ് ചെയ്തു.




