തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി. എ. പ്രദീപും ഭാര്യ വസന്തയും കുടുംബവും വഴിപാടായി ആനയെ നടയിരുത്തി. ഇതിനായി പത്ത് ലക്ഷം രൂപ ദേവസ്വത്തിലടച്ചു.
ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർമാരായ രാമകൃഷ്ണൻ, സുന്ദരരാജൻ, പാരമ്പര്യാവകാശികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന കുടുംബാംഗങ്ങളും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.




