കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ സ്കൂളിൽ മോഷണം നടത്തിയവർ പിടിയിൽ. ചെറുകര ആർജിഎം എൽപി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന സ്പീക്കറുകൾ, മിക്സർ തുടങ്ങിയവ മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. പ്രദേശവാസികളായ ചെറുകര അനന്തു ഭവനിൽ അനന്തു രാജ് (29), പൊൻപാതിര മുകളിൽ ബിനു (36 ) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നായിരുന്നു മോഷണം. സ്കൂൾ അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്തിരുന്നു.
അന്വേഷണം നടത്തുന്നതിനിടെ മോഷണ മുതൽ ഇവർ ആരുമറിയാതെ തിരികെ സ്കൂളിൽ കൊണ്ടെത്തിച്ചിരുന്നു. എങ്കിലും മോഷ്ടാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കി. സ്കൂളിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ മോഷണം നടത്താൻ കഴിയൂവെന്ന് പ്രഥമാധ്യാപിക പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ നിരവധിപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യവും സംഭവ ദിവസം ഇവരെ സ്കൂൾ പരിസരത്ത് കണ്ടതായി മറ്റുള്ളവർ തിരിച്ചറിഞ്ഞതും വഴിത്തിരിവായി.




