പാലക്കാട്: ഏഴുവർഷത്തിനുശേഷം പുനർനിർമിച്ച പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസുകളുടെ പോക്കുവരവ് പൂർവസ്ഥിതിയിലായില്ലെന്ന് പരാതി. കോടതി നിർദേശവും ഉദ്യോഗസ്ഥ തീരുമാനങ്ങളും പലതുണ്ടായിട്ടും, നാലുമാസംമുമ്പ് തുറന്ന സ്റ്റാൻഡിലേക്ക് ബസുകളുടെ വരവ് പൂർണതോതിലായില്ല. കാലപ്പഴക്കത്താൽ 2018-ൽ സ്റ്റാൻഡ് പൊളിക്കുന്നതിനു മുൻപുള്ള എല്ലാ ബസുകളും തിരിച്ച് ഇവിടേക്ക് വരണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തിരുന്നു.
പൂടൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി ഭാഗത്തേക്കുള്ള ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് അവിടെത്തന്നെ സർവീസ് അവസാനിപ്പിക്കയാണ്. മലമ്പുഴ, റെയിൽവേകോളനി, കൊട്ടേക്കാട് ഭാഗത്തേക്കുള്ള ടൗൺ ബസുകൾ സ്റ്റേഡിയം, ടൗൺ സ്റ്റാൻഡുകളിൽ മാത്രം കയറി മുനിസിപ്പൽ സ്റ്റാൻഡിനെ ഒഴിവാക്കുന്നുണ്ട്. ഈ ബസുകൾ ടൗൺസ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് മുനിസിപ്പൽ സ്റ്റാൻഡിലേക്ക് കയറാതെ മേൽപ്പാലത്തിനു താഴെ ആളെയിറക്കി പോവുകയാണ്.
ഒലവക്കോട് ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ മുൻപത്തെപ്പോലെ മുനിസിപ്പൽ സ്റ്റാൻഡിൽനിന്നാണ് പുറപ്പെടുന്നതെങ്കിലും മടങ്ങിവരുമ്പോൾ മോയൻഗേൾസ് സ്കൂളിനു മുൻപിൽനിന്ന് തിരിച്ചിറങ്ങാതെ സ്റ്റേഡിയം സ്റ്റാൻഡിലൂടെ പട്ടണംചുറ്റിയാണ് വന്നെത്തുന്നത്. ദീർഘദൂര ബസുകൾ സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ പേകേണ്ടതില്ലെന്ന് കോടതി നിർദേശമുണ്ട്. ഇത് മറികടന്നുള്ള ബസുകളുടെ പട്ടണയാത്ര, സ്റ്റേഡിയം ഭാഗത്ത് കൂടുതൽ ഗതാഗതതടസ്സത്തിനും ഇടയാക്കുന്നുണ്ട്.
ബസുകൾ പൂർണതോതിൽവരാത്തതും അതുമൂലം യാത്രക്കാർ അധികമില്ലാത്തതും മുനിസിപ്പൽ ബസ്സ്റ്റാൻഡിനെ ആശ്രയിച്ച് സമീപത്ത് വ്യാപാരംനടത്തുന്നവരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് മുനിസിപ്പൽ ബസ്സ്റ്റാൻഡ് സംരക്ഷണസമിതി ഭാരവാഹികളായ എസ്. ഷജീബ്, എൽ. നിസാർ, എച്ച്. സാദത്ത് എന്നിവർ പറയുന്നു.
ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതിനൽകി അനുകൂല നടപടിക്കായി കാത്തിരിക്കയാണ് സംരക്ഷണസമിതി ഭാരവാഹികൾ.



