തൃശ്ശൂർ: സഹോദയ സ്കൂൾ കോംപ്ലക്സ് സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റ് ജനുവരി 8ന് ചമ്മന്നൂരിലെ അമൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത കലാ– സാംസ്‌കാരിക മത്സരങ്ങൾ കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന വേദിയായി മാറി. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം പറഞ്ഞ് ഉദ്ഘാടനം ചെയ്തു.
ജൂനിയർ വിഭാഗം ഡി 5 വിജയിയായ മാസ്റ്റർ ചൈതികിന്റെ അവതരണം പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിച്ചു. സഹോദയ പ്രസിഡന്റ് ഡോ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വസന്ത മാധവൻ നന്ദി പറഞ്ഞു.മത്സരങ്ങളുടെ ഓവറോൾ ഫലത്തിൽ ഗുരുകുലം പബ്ലിക് സ്കൂൾ വെങ്കിനിശ്ശേരിയും ലെ മർ പബ്ലിക് സ്കൂൾ തൃപ്രയാറും ഒന്നാം സ്ഥാനം നേടി.
അമൽ ഇംഗ്ലീഷ് സ്കൂൾ ചമ്മന്നൂർ, ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ തിരുവമ്പാടി, ചിന്മയ വിദ്യാലയ കൊളഴി എന്നിവർ രണ്ടാം സ്ഥാനവും അറഫ ഇംഗ്ലീഷ് സ്കൂൾ ആറ്റൂർ, ഐ ഇ എസ് പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 1 മത്സരങ്ങളിൽ നിരവധി സ്കൂളുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കുട്ടികളുടെ കലാപരമായ കഴിവുകളും സംഘാടന മികവും തെളിയിച്ച പരിപാടിയായി തൃശ്ശൂർ സഹോദയ കിഡ്സ് ഫെസ്റ്റ് ശ്രദ്ധേയമായി.




