പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ സിപിഎം നേതാവ് പി.കെ. ശശി തള്ളി. കോൺഗ്രസ് നേതാക്കളാരും തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും താൻ അടിയുറച്ച കമ്മ്യൂണിസ്റ്റാണെന്നും സിപിഎം വിടില്ലെന്നും പി.കെ. ശശി വ്യക്തമാക്കി.
ഇത്തരം വാർത്തകൾ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും, അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും ശശി പറഞ്ഞു. ഒറ്റപ്പാലം മണ്ഡലം ഓരോ പാർട്ടികളും അവരവരുടെ ചിഹ്നത്തിൽ മത്സരിക്കുന്ന മണ്ഡലമാണെന്നും, ഇടക്കാലത്ത് താൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ താനിപ്പോഴും കമ്മ്യൂണിസ്റ്റ് തന്നെയാണെന്നും പാർട്ടിയുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് നിലപാടുകളെന്നും ശശി കൂട്ടിച്ചേർത്തു.
താനും കോൺഗ്രസ് നേതാക്കളുമായി രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ശശി വ്യക്തമാക്കി. പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില സന്ദർഭങ്ങളിൽ വികെ ശ്രീകണ്ഠനുമായി സംസാരിക്കാറുണ്ടെന്നും, മറ്റ് കോൺഗ്രസ് നേതാക്കളുമായും സൗഹൃദ ബന്ധമുണ്ടെന്നും, എന്നാൽ അതിന് രാഷ്ട്രീയ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തീരുമാനങ്ങളും പാർട്ടിയുടേതാണെന്നും, താൻ അനിവാര്യമാണെന്ന് പാർട്ടി കരുതിയാൽ അതനുസരിച്ച് തീരുമാനമെടുക്കുമെന്നും, മറിച്ചായാലും അത് അംഗീകരിക്കുമെന്നും ശശി വ്യക്തമാക്കി. പാർട്ടി സംസ്ഥാന നേതൃത്വമാണ് ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതെന്നും, ഏൽപ്പിച്ച ചുമതലകൾ കുറ്റമറ്റ രീതിയിൽ നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന ഭീഷണികളും മുദ്രാവാക്യങ്ങളും യാഥാർത്ഥ്യം തിരിച്ചറിയാത്തവരുടേതാണെന്നും, മണ്ണാർക്കാട് തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ പാർട്ടി അംഗീകരിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശശി പറഞ്ഞു. അത്തരം നടപടികൾ പാർട്ടി സ്വീകരിക്കില്ലെന്നും, അതിനൊന്നും മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരോടുള്ളത് സഹതാപം മാത്രമാണെന്നും, ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് അനുഭവങ്ങളാണെന്നും ശശി പറഞ്ഞു.






