ഹൈദരാബാദ്: ഹൈദരാബാദിൽ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. 27 കാരിയായ സുഷമയും 10 മാസം പ്രായമുള്ള മകനുമാണ് മരിച്ചത്. മകന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുഷമ ആത്മഹത്യ ചെയ്യുകയായിരുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയാണ് സുഷമയുടെ ഭർത്താവ്. നാല് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. അടുത്ത ദിവസങ്ങളിലായി ദമ്പതികൾ തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. സുഷമ അമ്മയുടെ വീട്ടിൽ കുടുംബ ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതാണ്. തുടർന്ന് തന്റെ കുഞ്ഞിനൊപ്പം മറ്റൊരു മുറിയിലേക്ക് പോയി വാതിലടച്ച ശേഷം കുഞ്ഞിന് വിഷം നൽകി ആത്മഹത്യ ചെയ്യുകയായിരുന്നു.
രാത്രി ഇവരെ കാണാനെത്തിയ യശ്വന്ത് റെഡ്ഡി കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടു. വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് സുഷമയെയും കുഞ്ഞിനെയും അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നാലെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.




