തിരുവനന്തപുരം: വ്യവസായിയിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റോഷ്ണി സുരേഷ് ആരോപണങ്ങൾ നിഷേധിച്ചു. ഇത് ഹണി ട്രാപ്പ് കേസല്ലെന്നും പരാതിക്കാരനായ വ്യവസായി വിജയകുമാറിനെ താൻ വിവാഹം കഴിച്ചിരുന്നെന്നും റോഷ്ണി പറഞ്ഞു.
2022-ൽ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നതെന്നും പിന്നീട് വിജയകുമാറിന് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞതായും റോഷ്ണി പറഞ്ഞു. വിജയകുമാറുമായി ബിസിനസ് ഇടപാടുകളും ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനെതിരെ താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ ആരോപിച്ചു.
തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാറാണ് റോഷ്ണിയുൾപ്പെടെ നാല് പേർക്കെതിരെ പരാതി നൽകിയത്. ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്വർണവും പണവും തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനിയായ റോഷ്ണി സുരേഷാണ് ഒന്നാം പ്രതി. റോഷ്ണിയുടെ സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവർക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.




