കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകുന്നു. ജനുവരി 15-നകം പരിശീലനം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനുമാണ് കൈറ്റ് (KITE) ഈ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. രണ്ട് സെഷനുകളിലായി നടക്കുന്ന പരിശീലനത്തിൽ റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സെൻസറുകൾ, മൈക്രോ കൺട്രോളറുകൾ, ആക്ചുവേറ്ററുകൾ എന്നിവയെക്കുറിച്ച് അവബോധം നൽകും.
തുടർന്ന് കൈറ്റ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ള റോബോട്ടിക് കിറ്റിലെ ആർഡ്വിനോ ബോർഡ്, ബ്രെഡ്ബോർഡ് തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും.
രണ്ടാം ഘട്ടത്തിൽ പ്രായോഗിക പരിശീലനത്തിനാണ് മുൻഗണന നൽകുന്നത്. പിക്റ്റോബ്ലോക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കാനും ബസ്സർ പ്രവർത്തിപ്പിക്കാനും കുട്ടികൾ നേരിട്ട് പരിശീലിക്കും.
പരിശീലനത്തിന്റെ ഭാഗമായി ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ‘ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ’ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെൻ്റർമാരുടെയും നേതൃത്വത്തിൽ നാലോ അഞ്ചോ കുട്ടികൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
യൂണിറ്റുകൾ ഇല്ലാത്ത സ്കൂളുകൾക്ക് തൊട്ടടുത്ത വിദ്യാലയങ്ങളുടെ സഹായം ഉറപ്പാക്കും. ഹൈടെക് ലാബുകൾ വഴി കുട്ടികളെ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുകയാണ് ലക്ഷ്യമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.




