കോട്ടയം: തോടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി സൗഹൃദയ സ്വയം സഹായ സംഘം നടത്തിയ ശുചീകരണ പ്രവർത്തനം മാതൃകയാകുന്നു. ചെങ്ങളം പൂങ്കശ്ശേരി പാലം മുതൽ തുണ്ടിയിൽ പാലം വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തെ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഡയപ്പറുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് സംഘം നീക്കം ചെയ്തത്.
ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം സൗഹൃദയ പ്രസിഡന്റ് റജി മോൻ പുറന്താറ്റ് നിർവ്വഹിച്ചു. ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്ന പ്രവണതയ്ക്കെതിരെ ബോധവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവാർപ്പ് പത്തൊമ്പതാം വാർഡ് മെമ്പർ ഫൗസിയ, ഒന്നാം വാർഡ് മെമ്പർ ശ്രീജ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
മുൻ മെമ്പർ മുരളീകൃഷ്ണൻ, പുതുക്കാട്ടമ്പത് പാടശേഖര സെക്രട്ടറി ജലി പട്ടത്താനം, സൗഹൃദയ സെക്രട്ടറി പി.ജി. മഹേഷ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. പി. റജി സ്വാഗതവും ബൈജു നന്ദിയും രേഖപ്പെടുത്തി. നാട്ടുകാരും സ്വയം സഹായ സംഘം പ്രവർത്തകരും ചേർന്നാണ് തോട് പൂർണ്ണമായും ശുചീകരിച്ചത്.






