കോട്ടയം: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കണക്കിന്റെ സൂത്രവാക്യങ്ങൾ ഹൃദ്യസ്ഥമാക്കിക്കൊടുത്ത പ്രിയ അധ്യാപകൻ നീലൂർ പുതിയിടത്ത് മാത്യു തോമസ് (82) അന്തരിച്ചു. ‘കുഞ്ഞ് സാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അഞ്ചര പതിറ്റാണ്ടിലേറെക്കാലം നീണ്ട അധ്യാപന ജീവിതത്തിലൂടെ മൂന്ന് തലമുറകളെയാണ് ഗണിതശാസ്ത്രത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.
കണക്കിനെ ‘പാൽപായസമാക്കിയ’ അധ്യാപകൻ നീലൂർ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായിരുന്ന കുഞ്ഞ് സാർ, കണക്കിനെ ഭയപ്പെട്ടിരുന്ന കുട്ടികളെപ്പോലും ഉയർന്ന മാർക്ക് വാങ്ങാൻ പ്രാപ്തരാക്കിയിരുന്നു. കണക്ക് പാൽപായസം പോലെ ലളിതമായി പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി കേട്ടറിഞ്ഞ് ദൂരദിക്കുകളിൽ നിന്നുപോലും വിദ്യാർത്ഥികൾ നീലൂരിലേക്ക് എത്തിയിരുന്നു. വീട്ടിൽ താമസിപ്പിച്ചു വരെ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നു. ജഡ്ജിമാർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ ഉന്നത ശ്രേണികളിൽ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുണ്ട്. രോഗബാധിതനായിരുന്ന കാലത്തും തന്നെ തേടിവന്ന വിദ്യാർത്ഥികളെ അദ്ദേഹം നിരാശരാക്കിയിരുന്നില്ല.
പൊതുപ്രവർത്തനം
അധ്യാപനത്തിന് പുറമെ സാമൂഹിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. നീലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുടുംബം
പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിന്റെ സഹോദരീപുത്രൻ ഔസേപ്പച്ചന്റെ മകൾ പൊന്നമ്മയാണ് ഭാര്യ.
- മക്കൾ: മായ, പ്രിയ, ആമിന (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, പാലാ).
- മരുമക്കൾ: മാത്തുക്കുട്ടി മണ്ണൂർ (മുത്തോലി), ജെയ്സൺ കറുകപ്പള്ളിൽ (മേലമ്പാറ), ജീഷ് പന്തപ്ലാക്കൽ (അയർക്കുന്നം).
- കൊച്ചുമക്കൾ: ഐവാൻ, ഐറിൻ, അലൻ, ആൻ, ലിയ, ലിവിൻ.
സംസ്‌കാര ചടങ്ങുകൾ ഇന്നു (ജനുവരി 14, ബുധൻ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നീലൂരിലെ തറവാട് വീട്ടിൽ ആരംഭിച്ച് നീലൂർ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നടക്കും.
കുഞ്ഞ് സാറിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എം.പിമാരായ ജോസ് കെ. മാണി, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ്, ബിഷപ്പ് ജേക്കബ് മുരിക്കൻ തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.




