തൃശ്ശൂർ: അഭിഭാഷക സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ തുടർച്ചയായി അവഗണിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ കുന്നംകുളത്ത് അഭിഭാഷകർ വായ്മൂടികെട്ടി പ്രതിഷേധം നടത്തി.
കുന്നംകുളം കോടതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ അഭിഭാഷക ക്ഷേമനിധി മുപ്പത് ലക്ഷം രൂപയായി വർധിപ്പിക്കുക, ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം അയ്യായിരം രൂപ സഹായധനം അനുവദിക്കുക, അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ഇൻഷുറൻസ് ഏർപ്പെടുത്തുക, അഭിഭാഷകർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുക, ഇലക്ട്രോണിക് രേഖ സമർപ്പണം ഉൾപ്പെടെയുള്ള കോടതിസൗകര്യങ്ങൾ കൂടുതൽ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി.
പരിപാടിക്ക് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കുന്നംകുളം യൂണിറ്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് റയീസ് സ്വാഗതം പറഞ്ഞു. പ്രതിഷേധം അഡ്വ. സി. ബി. രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. പ്രിനു പി. വർക്കി അധ്യക്ഷത വഹിച്ചു.അഡ്വ. ലത്തീഫ്, അഡ്വ. ഹബീബ്, അഡ്വ. നേർമ, അഡ്വ. ഫാത്തിമ, അഡ്വ. സിൽജി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അഡ്വ. തരുണി സജീവ് നന്ദി പറഞ്ഞു.




