പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂഷൻ വാദിക്കും. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ ഇന്നലെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് കാലാവധി.






