മലപ്പുറം: വിദ്യാലയ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും വിദ്യാഭ്യാസ മികവുകൾ രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനുമായി മൂർക്കനാട് ജി.യു.പി സ്കൂൾ ‘കോർണർ പി.ടി.എ’ സംഗമങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്തുന്ന പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിലായാണ് ഈ സവിശേഷ കൂട്ടായ്മകൾ നടക്കുന്നത്. ജനപ്രതിനിധികളെയും സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരെയും ഉൾപ്പെടുത്തി പ്രാദേശികാടിസ്ഥാനത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ആവേശമായി രാത്രി സംഗമം മൂർക്കനാട് ഇഹ്‌യാഉദ്ധീൻ മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന രാത്രി സംഗമത്തിൽ 350-ലധികം രക്ഷിതാക്കൾ പങ്കെടുത്തു. വാർഡ് മെമ്പർ നഹീം പി. സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി. അബ്ദുൾ ഷരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് അംഗം പി. സൗമ്യ മുഖ്യാതിഥിയായിരുന്നു. എം. അബ്ദുൾ ജബ്ബാർ, എം. ജാഫർ, എം. മണികണ്ഠൻ, വി. സൗദത്ത് തുടങ്ങിയവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾ തെക്കുംമുറി: ഇർഷാദുസ്സിബയാൻ മദ്രസയിൽ നടന്ന സംഗമം വാർഡ് മെമ്പർ ജിഷ സി. വാസു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സൈഫുദ്ദീൻ മുഖ്യാതിഥിയായി.
തച്ചാംപറമ്പ്: ഇവിടെ നടന്ന രക്ഷാകർതൃ സംഗമം വാർഡംഗം ഷിഫാന ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കാഴ്ചകളും സംവാദങ്ങളും വിദ്യാലയത്തിന്റെ മികവുകൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ LED വാളിൽ പ്രദർശിപ്പിച്ചത് രക്ഷിതാക്കൾക്ക് പുത്തൻ അനുഭവമായി. ഹെഡ്മാസ്റ്റർ വി. ഷഹീദ് മാസ്റ്റർ വിദ്യാലയ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.
അധ്യാപകരായ എം. മുഹമ്മദ് ഷിഹാബ്, എം. ഷറീന, കെ. രജിത, കെ. സ്മിത, സി.ടി. സിദ്ധിഖ്, പി.എസ്. ബിനിഷ്, കെ. സോന, എം. ഫാതിമ എന്നിവരും പി.ടി.എ ഭാരവാഹികളായ പി. ഖലീൽ, പി. റഷ്മത്തുള്ള, പി. വിനിത, കെ. സുനിൽകുമാർ, കെ. സാജിത തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്ന് പാലോത്ത്, തച്ചണ്ണ, തെഞ്ചിരി എന്നിവിടങ്ങളിൽ കോർണർ സംഗമങ്ങൾ നടക്കും. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ച് കൂടുതൽ മികച്ച വിദ്യാഭ്യാസ മാതൃകകൾ നടപ്പിലാക്കാനാണ് ‘ടീം മൂർക്കനാട്’ ലക്ഷ്യമിടുന്നത്.




