തൃശ്ശൂർ : ചെറുവല്ലൂർ–അരിക്കാട് കിഴക്കുമുറി റോഡിന്റെ നിർമ്മാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി പുരോഗതി ഇല്ലാത്തതിനെതിരെ ഡിവൈഎഫ്ഐ ചെറുവല്ലൂർ ആമയം യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി പ്രദേശവാസികളുടെ ദിനചര്യയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി.റോഡിലെ പൊടിപടലങ്ങൾ മൂലം ആരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നതായും, പണി പൂർത്തിയാകാത്തതിനാൽ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഉയർന്നിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. ഫെബ്രുവരി 3ന് ചാത്തൻ ഭഗവതി ക്ഷേത്രത്തിൽ പൂരം നടക്കാനിരിക്കെ, അതിന് മുമ്പായി റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പെരുമ്പടപ്പ് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഡിവൈഎഫ്ഐ പരാതി കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് പ്രശ്നത്തിന് സ്ഥിരപരിഹാരം കാണണമെന്നും ഡിവൈഎഫ്ഐ പ്രസിഡന്റ് ഫായിസും സെക്രട്ടറി മുക്താറും ആവശ്യപ്പെട്ടു.






