കോട്ടയം: പഴയ ഓർമകളുമായി നാല്പത്തിയഞ്ചു വർഷങ്ങൾക്കുശേഷം മാതൃവിദ്യാലയത്തിലേക്ക് ഉഴവൂർ സെയ്ന്റ് സ്റ്റീഫൻസ് കോളേജിലെ 1978-80 പ്രീഡിഗ്രി ബാച്ച്. ഫസ്റ്റ് ഗ്രൂപ്പ് വിദ്യാർഥികളാണ് പഴയ സൗഹൃദങ്ങൾ തേച്ചു മിനുക്കി, വിശേഷങ്ങൾ പങ്കുവെച്ച് പഴയ പ്രീഡിഗ്രിക്കാരായി മാറിയത്.
പ്രീഡിഗ്രി ഒന്നാംവർഷം പഠിച്ച അതേ ക്ലാസ് മുറിതന്നെ പുനഃസമാഗമത്തിന്റെ വേദിയാക്കി. അധ്യാപകർക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കുശലം പങ്കുവെച്ചു പിരിഞ്ഞു. അന്ന് ക്ലാസിലുണ്ടായിരുന്ന തൊണ്ണുറ്റിരണ്ടു പേരിൽ അഞ്ചുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇരുപതുപേർ മറുനാട്ടിലും വിദേശത്തുമായി താമസിക്കുകയാണ്. ബാക്കിയുള്ളവരിൽ മുപ്പതുപേർ നേരിട്ട് പങ്കെടുത്തു.
വിടപറഞ്ഞ സഹപാഠികളുടെയും അധ്യാപകരുടെയും സ്മരണയിൽ പന്ത്രണ്ട് മെഴുകുതിരികൾ തെളിച്ച് മൗനപ്രാർഥന നടത്തി. സൗഹൃദക്കൂട്ടായ്മ പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് ഉദ്ഘാടനം ചെയ്തു. പഴയകാല അധ്യാപകരെ ആദരിച്ചു.
ഗണിതശാസ്ത്ര വിഭാഗത്തിലെ പ്രൊഫ. കെ.എം. ജോസഫ്, പ്രൊഫ. വി.പി. തോമസുകുട്ടി, ഭൗതികശാസ്ത്രത്തിലെ പ്രൊഫ. സി.യു. മേരി, ഡോ. ചെറിയാൻ തോമസ്, രസതന്ത്ര വിഭാഗത്തിലെ പ്രൊഫ. ജോളി ജോസഫ്, പ്രൊഫ. ത്രേസ്യാമ്മ പോൾ, പ്രൊഫ. പി.എം. രാജു, മലയാളം വിഭാഗത്തിലെ പ്രൊഫ. പി.ജെ. മാത്യു എന്നീ അധ്യാപകരെ പൊന്നാട അണിയിച്ച് മെമന്റോ സമ്മാനിച്ചു.










