കോഴിക്കോട്: ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്ന പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഏകദേശം 90 കിലോഗ്രാം പഴകിയ കോഴിയിറച്ചി പിടികൂടി. ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് ടൗണിൽ പ്രവർത്തിച്ചിരുന്ന എംആർ ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്, തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാപ്പാട് ടൗണിലും ബീച്ച് മേഖലയിലുമാണ് പരിശോധന നടത്തിയത്. ബീച്ച് ഏരിയയിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും അവ നശിപ്പിക്കുകയും ചെയ്തു. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാതെയും ഹെൽത്ത് കാർഡ് എടുക്കാതെയും തൊഴിലാളികളെ ജോലിക്കു നിയോഗിച്ച സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പ് കർശന നിർദേശങ്ങൾ നൽകി. ഇത്തരം വീഴ്ചകൾ ഉടൻ പരിഹരിക്കണമെന്നാണ് നിർദേശം.
പുകയില നിയന്ത്രണ നിയമം ലംഘിച്ചതിന് മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കിയതായും അധികൃതർ അറിയിച്ചു. തിരുവങ്ങൂർ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. ഷീബയുടെ നിർദേശപ്രകാരം കാപ്പാട് ടൂറിസം പൊലീസിന്റെ സഹായത്തോടെയാണ് പരിശോധനയും നടപടികളും പൂർത്തിയാക്കിയത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ ഇനിയും ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.




