കൊല്ലം: വീട്ടിലേക്ക് കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ പിന്നിലേക്ക് ഉരുണ്ടു ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. അഞ്ചൽ–കുളത്തൂപ്പുഴ മലയോര ഹൈവേയിലാണ് അപകടം നടന്നത്.
കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ ആണ് മരിച്ചത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ടത്. ഇതേ സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രാജഗോപാലിന്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കുളത്തൂപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.






