തൃശ്ശൂർ: ചാലക്കുടി വി.ആർ.പുരത്തിന് എം എൽ എ യുടെ ഉത്സവ സമ്മാനം. സനീഷ് കുമാർ ജോസഫ് എംഎൽഎ വിആർപുരത്ത് അനുവദിച്ച 3 മിനി മാസ്റ്റ് ലൈറ്റുകൾ കാവടി ഉത്സവ ദിനത്തിൽ സ്വിച്ച്ഓൺ ചെയ്ത് ഗ്രാമത്തിന് സമർപ്പിച്ചു. വി.ആർ. പുരം ജംഗ്ഷൻ, കസ്തൂർബ- ഐടിഐ ജംഗ്ഷൻ, റബ്ബർ തോട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 3 ലൈറ്റുകൾ അനുവദിച്ചത്.
ശാസ്താംകുന്ന് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വി.ആർ പുരം തെക്കുംമുറി കാവടി ഉത്സവം നടക്കുന്ന ദിവസം തന്നെ എംഎൽഎ പ്രത്യേക താല്പര്യം എടുത്താണ് 3 ലൈറ്റുകളും സ്വിച്ച്ഓൺ ചെയ്ത് സമർപ്പിച്ചത്. നാട്ടുക്കാർ ചടങ്ങ് ഉത്സവാഘോഷമാക്കി. ഉദ്ഘടന ചടങ്ങിൽ ചെയർപേഴ്സൻ ആലീസ് ഷിബു അധ്യക്ഷയായി. പാർലിമെൻ്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആൻ്റണി, വാർഡ് കൗൺസിലർമാരായ മോഹനൻ വൈമേലി, സുകന്യ വേണു എന്നിവർ പ്രസംഗിച്ചു.




