കോട്ടയം: ചങ്ങനാശേരിയിൽ മനുഷ്യന്റെ ജീവന് ഭീഷണിയായി റോഡിലെ കട്ടിങ്ങുകൾ. കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ കെണിയാണ് ഇവ. സ്വകാര്യ ടെലികോം ഇന്റർനെറ്റ് കമ്പനികളുടെയും ജല അതോറിറ്റിയുടെയും നിർമാണ പ്രവർത്തനങ്ങൾക്കുശേഷം പൂർണമായും പുനർനിർമാണവും കോൺക്രീറ്റിങ്ങും ചെയ്യാത്തതാണ് കട്ടിങ്ങിന് കാരണം.
പൊതുമരാമത്ത് വകുപ്പിന് തുക അടച്ച് റോഡ് കുഴിക്കുന്ന സ്വകാര്യ കമ്പനികൾ റോഡിൽ കുഴിയെടുത്ത് സ്ലാബ് ഇടും. കുഴിക്കാനുള്ള ആവേശം റോഡ് നന്നാക്കാൻ കാണിക്കാറില്ലെന്ന് നാട്ടുകാർ. ചുറ്റുമുള്ള ഭാഗം കൃത്യമായി മൂടുകയോ, കോൺക്രീറ്റ് ചെയ്യുകയോ ചെയ്യാറില്ല.
ഇതുമൂലം റോഡ് നിരപ്പിൽനിന്ന് ഉയർന്നും താഴ്ന്നുമാണ് ഈ ഭാഗങ്ങൾ കിടക്കുന്നത്. വേഗത്തിലെത്തുന്ന വാഹനങ്ങൾ റോഡിലെ ചതി തിരിച്ചറിയാതെ ഈ ഭാഗങ്ങളിൽ ചാടി നിയന്ത്രണം നഷ്ടമായി അപകടത്തിൽപെടുന്നത് പതിവാണെന്ന് വ്യാപാരികളും പറയുന്നു. എം.സി.റോഡ്, ടി.ബി. റോഡ്, കവിയൂർ റോഡ്, ഫാത്തിമാപുരം റോഡ്, വാഴൂർ റോഡ് തുടങ്ങിയ മിക്ക റോഡുകളിലും ഇത്തരം കെണികളുണ്ട്.






