കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പാവൂർ പോക്സോ പ്രത്യേക കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് വ്യത്യസ്ത വകുപ്പുകളിലായി 20 വർഷം വീതം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി.
അസം സ്വദേശിയായ പ്രതി പെൺകുട്ടിയുടെ പിതാവിന്റെ സഹോദരനാണ്. 2020 മുതൽ 2022 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പിതാവ് മരിച്ചതിനെ തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി അവധി ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിലെത്തി പീഡനം നടത്തിയെന്നാണ് കേസ്.
പീഡനത്തിന്റെ ഫലമായി പെൺകുട്ടി ഗർഭിണിയായതോടെ 14-ാം വയസ്സിൽ കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ ഭീഷണിയെ തുടർന്ന് പീഡനം നടത്തിയതത് ആൺസുഹൃത്താണെന്ന് പെൺകുട്ടി ആദ്യം പറഞ്ഞിരുന്നുവെങ്കിലും, ശാസ്ത്രീയ പരിശോധനകളിലൂടെ പൊലീസ് യഥാർത്ഥ പ്രതിയെ കണ്ടെത്തുകയായിരുന്നു.
കോടതി വിധിച്ച പിഴത്തുകയായ 10 ലക്ഷം രൂപയിൽ നിന്ന് 7.5 ലക്ഷം രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകുമെന്നും കോടതി ഉത്തരവിട്ടു. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധു ഹാജരായി.






