തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നടപ്പാക്കിയ കൂട്ടസ്ഥലംമാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധത്തിലേക്ക്. പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടന്ന സ്ഥലംമാറ്റങ്ങൾ രാഷ്ട്രീയ പ്രേരിതവും പ്രതികാര നടപടിയുമാണെന്ന് കെ.എഫ്.സി എംപ്ലോയീസ് അസോസിയേഷനും (കെ.എഫ്.സി.ഇ.എ) കെ.എഫ്.സി ഓഫീസേഴ്സ് അസോസിയേഷനും (കെ.എഫ്.സി.ഒ.എ) ആരോപിച്ചു.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം ചെയ്യരുതെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് നടപടിയെന്നാണ് സംഘടനകളുടെ ആരോപണം. വനിതാ ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് യാതൊരു വ്യക്തമായ കാരണവും ചൂണ്ടിക്കാട്ടാതെയാണ് സ്ഥലംമാറ്റം നൽകിയതെന്നും സംഘടനകൾ പറഞ്ഞു.
ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനും ജീവനക്കാരുടെ മനോവീര്യം തകർക്കാനുമാണ് ഇത്തരം നടപടികൾ വഴിവെക്കുന്നതെന്ന് സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ഥലംമാറ്റ ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 12-ന് കെ.എഫ്.സി ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സംഘടനകൾ അറിയിച്ചു. കെ.എഫ്.സി.ഇ.എ സംസ്ഥാന പ്രസിഡന്റ് ക്ലൈനസ് റൊസാരിയോ ധർണ ഉദ്ഘാടനം ചെയ്യും. കെ.എഫ്.സി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ. മുരളി പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്യും.
ജീവനക്കാർക്കെതിരായ ഇത്തരം നടപടികൾ തുടർന്നാൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.






