കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ അഭ്യര്‍ത്ഥന നടത്തി പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍.സൂരജ് കൃഷ്ണ, ആദില്‍ കെ പി, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ അരൂരില്‍ നിന്നും കോഴിക്കോട് ജില്ലയിലെ പന്തീരം കാവില്‍ നിന്നും മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നുമായാണ് ഇവരെ പിടികൂടയത്.
കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടറിന് മാട്രിമോണിയല്‍ സൈറ്റ് വഴി NRI യുവതിയുടെ പേരില്‍ വിവാഹ അഭ്യര്‍ത്ഥന അയക്കുകയും, യുവതിയുടെ പ്രൊഫൈലില്‍ ആകൃഷ്ടനായ ഡോക്ടര്‍ യുവതിയുമായി സൗഹൃദത്തില്‍ ആവുകയുമായിരുന്നു , പരിജയത്തെതുടര്‍ന്ന് ട്രേഡിങ് വഴി വലിയ ലാഭം ലഭിക്കുന്ന വ്യാജ വെബൈറ്റ് പരിചയപ്പെടുത്തുകയുമാണ് തട്ടിപ്പിന്റെ തുടക്കത്തില്‍ പ്രതികള്‍ ചെയ്തത്. യുവതിയും സമാനമായി ട്രേഡിങ് നടത്തിയിരുന്നു എന്നും അതില്‍ ലാഭം ലഭിച്ചതായുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അയച്ചു കൊടുക്കുകയും ഉണ്ടായി. അതില്‍ ആകൃഷ്ടനായ ഡോക്ടര്‍ വിവിധ തവണകളിലായി 37 ലക്ഷം രൂപയോളം നിക്ഷേപിച്ചെങ്കിലും യാതൊരുതുകയും തിരികെ ലഭിക്കുകയുണ്ടായില്ല. സംശയം തോന്നിയ ഡോക്ടര്‍ മാട്രിമോണിയലുമായി ബന്ധപ്പെട്ട് പരിശോനകള്‍ നടത്തിയപ്പോഴാണ് യുവതിയുടെ പ്രൊഫൈല്‍ വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കൊച്ചി സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

കൊച്ചി സിറ്റി സൈബര്‍ ക്രൈം കൊച്ചി സിറ്റി കമ്മീഷണര്‍ ശ്രീ. കാളിരാജ് മഹേശ്വരന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളായ, കൊച്ചി സിറ്റി സി.സി.പി അശ്വതി ജിജിയും സൈബര്‍ ക്രൈം എ.സി.പി സുല്‍ഫിക്കര്‍ എന്നിവരാണ് അന്വേഷണം നടന്നുവരുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നും, രാജ്യവ്യാപകമായി നടന്നുവരുന്ന ഡിജിറ്റല്‍ അറസ്റ്റും, ട്രേഡിങ് തട്ടിപ്പും, ലോണ്‍ ആപ്പും ഉള്‍പ്പെടെയുള്ള തട്ടിപ്പുകളുടെ കേന്ദ്രം ഫോം പെന്‍ ആസ്ഥാനമായി ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ 6303 സൈബര്‍ മാഫിയ സംഘമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കമ്പോഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ കൃത്യമായി മനസ്സിലാക്കുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനും വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. കമ്പോഡിയയില്‍ നിന്നും യുവതിയുടെ പേരില്‍ പരാതിക്കാരനുമായി ബന്ധപ്പെട്ട മലയാളിയെ കൃത്യമായി മനസ്സിലാക്കിയ കൊച്ചി സൈബര്‍ പോലീസ്, പ്രതിയുടെ ഡിജിറ്റല്‍ ഫുഡ് പ്രിന്റ്‌സ് ശേഖരിച്ച് അറസ്റ്റിനുള്ള കൃത്യമായ പ്ലാനിങ്ങ് നടത്തിയിരുന്നു.




