ഗാസ: ഗാസയിൽ സമാധാനം നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ അറബ് ലീഗ് അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണയും അദ്ദേഹം ആവർത്തിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി അറബ് ലീഗ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയെക്കുറിച്ചും ചർച്ച നടന്നു. ഗാസയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനായി എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്ന് മോദി അറിയിച്ചു.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ആഴമേറിയ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ പ്രധാനമന്ത്രി അടിവരയിട്ടു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അറബ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കാഴ്ചപ്പാടും മോദി വിശദീകരിച്ചു. അറബ് വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിലൂടെ പങ്കുവച്ചു. “ലീഗ് ഓഫ് അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരെയും പ്രതിനിധികളെയും ഇന്ന് സ്വാഗതം ചെയ്തതിൽ സന്തോഷമുണ്ട്. സാംസ്കാരിക ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും നമ്മുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നു. സമാധാനം, പുരോഗതി, സ്ഥിരത എന്നിവയോടുള്ള പൊതുപ്രതിബദ്ധത ഞങ്ങൾ പങ്കിടുന്നു” എന്നായിരുന്നു മോദിയുടെ കുറിപ്പ്.
ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ട് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ സംരംഭത്തിൽ ഇന്ത്യ ചേരുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി സൂചന നൽകിയെങ്കിലും, സമിതിയിൽ അംഗമാകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. 2025 ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ട്രംപ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് പ്രധാനമന്ത്രി മോദിയെ ഈ സംരംഭത്തിലേക്ക് ക്ഷണിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
അതേസമയം, ഇസ്രയേൽ പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് പലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഘബെക്കിയൻ രംഗത്തെത്തി. “ഇനി യുദ്ധങ്ങൾക്ക് സമയമില്ല. നയതന്ത്രവും അന്താരാഷ്ട്ര നിയമങ്ങളുടെ ബഹുമാനവും വഴിയാകണം പരിഹാരം കണ്ടെത്താൻ. മദ്ധ്യസ്ഥനായി ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും” എന്ന് അവർ പ്രതികരിച്ചു




