ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാനിൽ നിന്നും ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലേക്ക് ചേക്കേറിയ ചേട്ടന്റെ തകർപ്പൻ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പക്ഷെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടക്കം കടക്കാതെ ചേട്ടൻ ആരാധകരെ നിരാശപ്പെടുത്തി. പിന്നീടുള്ള രണ്ട് മത്സരങ്ങളും സഞ്ജുവിന്റെ തിരിച്ചുവരവായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 115 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോററായ സഞ്ജു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി മാറി. ചേട്ടൻ ചെന്നൈയിലേക്ക് എത്തിയതോടെ പലരും മഞ്ഞ കുപ്പായത്തിന്റെ ആരധകരായി മാറി.
ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്നും 185 റണ്‍സുമായി സഞ്ജു റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ടോപ് 5ല്‍ എത്തി. രോഹിത് ശര്‍മ, വിരാട് കോലി, ധ്രുവ് ജുറെല്‍, ജോസ് ബട്ലര്, യശസ്വി ജയ്സ്വാള്‍ എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സഞ്ജു അഞ്ചാമതെത്തിയത്. ഇനിയുള്ള മത്സരങ്ങളിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം,വിക്കറ്റ് വേട്ടക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ തന്നെയാണ് ഒന്നാം സ്ഥാനത്ത്.




