പാലക്കാട്: വാണിയംകുളം തെരുവിനോട് ചേർന്നുള്ള 7 ഏക്കറോളം വരുന്ന കുന്നിലാണ് തീ പിടിച്ചത്. കുന്നിൻറെ ഒരുഭാഗത്ത് ഞായറാഴ്ച ഉച്ചയോടെ തീ പടർന്നിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് ഉച്ചയ്ക്ക് തീ കെടുത്തിയത്. എന്നാൽ രാത്രി 9 മണിയോടെ വീണ്ടും തീ പടർന്നു പിടിക്കുകയായിരുന്നു.
കുന്നിൻറെ മുക്കാൽ ഭാഗവും കത്തി നശിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഷൊർണൂരിൽ നിന്ന് എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ആണ് രാത്രി മണിക്കൂറുകളോളം സമയമെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ പടർന്ന വിവരം അറിഞ്ഞ വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കൃഷ്ണകുമാർ , രണ്ടാം വാർഡ് മെമ്പർ എ ദിലീപ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. കുന്നിന് താഴെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ്. ജനവാസ മേഖലയിലേക്ക് തീ കത്തിയിറങ്ങും മുമ്പ് നിയന്ത്രിക്കാൻ ആയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.






