കോട്ടയം: നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് പരിഹാരമായി നഗരസഭ നടത്തി വരുന്ന പരിഷ്കാരം ഒരു റോഡിലൂടെയുള്ള ഗതാഗതം താറുമാറാക്കി. കുട്ടികളുടെ പാർക്കിന് എതിർവശം ശാസ്ത്രി റോഡരികിലാണ് മലിനജലം ഒഴുകുന്ന കുഴിയുടെ സ്ലാബിളക്കി മാറ്റി മറ്റൊരു കുഴിയെടുത്തിരിക്കുന്നത്. മണ്ണും സ്ലാബുമെല്ലാം ഇപ്പോൾ റോഡിന് നടുവിലാണ് ഇട്ടിരിക്കുന്നത്. ഇവിടെ ഗതാഗതം മുടങ്ങിയിട്ട് മൂന്നാഴ്ചയോളമായി.
ഇപ്പോൾ ഇരുചക്രവാഹനം മാത്രം കഷ്ടിച്ച് പോകുന്നുണ്ട്. കെ.കെ. റോഡിൽനിന്ന് ചെല്ലിയൊഴുക്കം റോഡ് ശാസ്ത്രി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുഴിയെടുത്തിരിക്കുന്നത്. മഴയത്ത് ശാസ്ത്രിറോഡിലൂടെയും ചെല്ലിയൊഴുക്കം റോഡിലൂടെയുമെത്തുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സാധിക്കാതെവരുന്നു.
ഈ ഭാഗത്തെ വെള്ളക്കെട്ട് പലപ്പോഴും സമീപത്തെ കടകളിലേക്കും വീട്, ലോഡ്‍ജ് എന്നിവിടങ്ങളിലേക്കും കയറുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന സമയം വാഹനങ്ങൾ പോകുമ്പോൾ വലിയ രീതിയിൽ തിരയടിക്കുന്നത് കടകളിലേക്ക് വെള്ളം കയറുന്നതിനു കാരണമാണ്. മലിനജലം ഒഴുകിപ്പോകുന്ന ഭാഗങ്ങളിൽ അഴുക്ക് നിറഞ്ഞ് അടഞ്ഞുപോകുന്നതാണ് വെള്ളക്കെട്ടിന് പ്രധാനകാരണം.




