തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയിലുണ്ടായ വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് വേണ്ടെന്ന് തീരുമാനമെടുത്തതോടെ പാറമേക്കാവ് ദേവസ്വത്തിനായി നിര്‍മിച്ച വെടിക്കോപ്പുകളും നിര്‍വീര്യമാക്കാന്‍ നീക്കം. പാലക്കാട് മുതലമട വെള്ളാരംകടവിലാണ് പാറമേക്കാവിന്റെ വെടിക്കോപ്പ് നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇവിടത്തെ വെടിക്കോപ്പുകള്‍ പൊലീസിന്റെ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘങ്ങളുടെ നിരീക്ഷണത്തില്‍ നിര്‍വീര്യമാക്കും.
വെടിക്കോപ്പുകള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. ഇത് ലൈസന്‍സി സ്ഥാപനങ്ങള്‍ക്ക് ലേലം ചെയ്ത് നല്‍കിയേക്കും. തിരുവമ്പാടിയുടെ വെടിക്കോപ്പ് നിര്‍മാണശാലയുടെ അറ്റത്തു തകരാതെനിന്ന ഷെഡില്‍ നിന്ന് കിട്ടിയ 300 കിലോഗ്രാമിലേറെ വെടിമരുന്നും വിദഗ്ധരുടെ സാന്നിധ്യത്തില്‍ നിര്‍വീര്യമാക്കിയേക്കും എന്നാണ് വിവരം.




