തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വനവാസ പ്രഖ്യാപനം തീർത്തും അരാഷ്ട്രീയമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനം എന്നത് കേവലം ജയവും തോൽവിയും മാത്രം നോക്കി ചെയ്യേണ്ട ഒന്നല്ലെന്നും, ഭരണമുണ്ടെങ്കിൽ മാത്രം തുടരുകയും ഭരണമില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുക എന്ന നിലപാട് ജനാധിപത്യ പ്രക്രിയയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാദങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് പറഞ്ഞ റിയാസ്, രാഷ്ട്രീയമെന്നത് അധികാരത്തിന് അപ്പുറമുള്ള ഉത്തരവാദിത്തമാണെന്നും ഓർമ്മിപ്പിച്ചു.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ വലിയ മുന്നേറ്റം ഇടതുപക്ഷത്തിന് ഉണ്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ആകെ വോട്ട് ചെയ്തവരിൽ 53 ശതമാനവും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. പുരുഷ വോട്ടർമാരേക്കാൾ ആറ് ശതമാനം അധികം സ്ത്രീകൾ ഇത്തവണ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തരത്തിൽ വർധനവുണ്ടായ സംസ്ഥാനങ്ങളിലെല്ലാം ഭരണത്തുടർച്ചയും സർക്കാരിന് അനുകൂലമായ വിധിയുമാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് എൽഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേപ്പൂർ മണ്ഡലത്തിൽ ഇത്തവണ ഇടതുമുന്നണി മികച്ച വിജയം കൈവരിക്കുമെന്നും 2021-ൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ എൽഡിഎഫ് നേടുമെന്നും റിയാസ് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഭരണം പിടിക്കാൻ പോകുന്നുവെന്ന് അവകാശപ്പെട്ട് യുഡിഎഫ് വലിയ തോതിൽ പണം പിരിക്കുകയാണെന്നും ഇതേക്കുറിച്ച് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. ജനവിധി അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.


