എറണാകുളം: കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരനായ മുഹമ്മദ് ആദം മുങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി അജിക്കെതിരെ ഭരണ സമിതി. അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ഭരണ സമിതിയുടെ ആവശ്യം. വിവിധ വിഷയങ്ങളിൽ സെക്രട്ടറിയെതിരെ എട്ടിലധികം തവണ ഷോക്കോസ് നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സെക്രട്ടറിയെ സർവീസിൽ നിന്ന് നീക്കണമെന്നും ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. ലൈസൻസ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് ഭരണ സമിതി ആരോപിച്ചു. സ്ഥാപന ഉടമകൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കുട്ടികൾ എത്തുന്ന പാർക്കെന്ന നിലയിൽ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിച്ചിരുന്നില്ലെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.


