പാലക്കാട്: ഡോക്ടർ ജോലിക്കിടയിൽ കിട്ടുന്ന ഒഴുവു സമയങ്ങളിൽ പരിശീലനം. മുൻ വർഷങ്ങളിലെ പരിചയ സമ്പത്ത് ഇവ രണ്ടും ചേർത്ത് പ്രായത്തിനപ്പുറം ഉന്നം തെറ്റാതെ വെടിയുണ്ടകൾ പായിച്ചപ്പോൾ ഒറ്റ മത്സരത്തിൽ തന്നെ 64 കാരൻ നേടിയത് ഒന്നും രണ്ടുമല്ല 4 മെഡലുകളാണ്. ഷൊർണൂർ ചെമ്മരിക്കാട് വീട്ടിൽ ( മയിൽവാഹനം) സി.എ. മാത്യു മെഡൽ നേട്ടം സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ ജനുവരി 26 മുതൽ 30 വരെ മഹാരാഷ്ട്രയിലെ പൂനൈയിൽ നടന്ന നാഷനൽ സ്പോർട്സ് ആൻഡ് ഗെയിംസ് ഷൂട്ടിങ് മത്സരത്തിലാണ്50 – 60 വയസ് പ്രായപരിധിയിലുള്ള റൈഫിൾ ഇനത്തിൽ സ്വർണവും പിസ്റ്റൽ ഇനത്തിൽ വെങ്കലവും, 60- 70 വയസ് പ്രായപരിധിയിലുള്ള റൈഫിൾ ഇനത്തിൽ സ്വർണവും പിസ്റ്റൽ ഇനത്തിൽ വെള്ളയുമാണ് ഉന്നം തെറ്റാതെ സി.എ. മാത്യു സ്വന്തമാക്കിയത്.ഒറ്റ മത്സരത്തിൽ നിന്ന് തന്നെ 4 മെഡലുകൾ നേടുന്ന ജില്ലയിലെ ഏക താരവുമാണ് സി.എ. മാത്യു.
വഡോദര,വാരണാസി, തിരുവനന്തപുരം, ധർമശാല, ഗോവ, പൂനൈ തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് കഴിഞ്ഞ വർഷങ്ങളിൽ നടന്ന മത്സരങ്ങളിലെല്ലാം തുടർച്ചയായി സി.എ. മാത്യു മെഡൽ നേട്ടം കൈവരിച്ചിരുന്നു. 2024 ൽ ഗോവയിൽ നടന്ന മത്സരത്തിൽ ഇരട്ട സ്വർണവും, കഴിഞ്ഞ വർഷം നടന്ന ദേശിയ മാസ്റ്റേഴ്സ് സ്പോർട്സ് ആൻഡ് ഗെയിംസ് ഷൂട്ടിങ്ങിൽ ഹാട്രിക്ക് സ്വർണവും സ്വന്തമാക്കി. പഠിച്ച് ഡോക്ടറായെങ്കിലും ചെറുപ്പം മുതൽ റൈഫിൾ വിഭാഗത്തോടുള്ള ഇഷ്ടം തന്നെയായിരുന്നു മാത്യുവിനെ ദേശിയ തലം വരെ എത്തിച്ചത്. പരിശീലനത്തിനായി 6 വർഷം മുൻപാണ് പാലക്കാട് റൈഫിൾ ക്ലബ്ബിൻ്റെ കീഴിൽ എത്തുന്നത്.
തുടർന്ന് നടന്ന ജില്ല, സംസ്ഥാന, ദേശിയ മത്സരങ്ങളിലെല്ലാം നേട്ടം കൊയ്തു. അടുത്ത വർഷം അയോധ്യയിൽ നടക്കാനിരിക്കുന്ന ഓപ്പൺ മീറ്റിൽ പങ്കെടുക്കാനുള്ള പരിശീലനം ഇതിനകം തുടങ്ങി കഴിഞ്ഞു. മയിൽ വാഹനത്തിൻ്റെ സ്ഥാപകനായ കോഴഞ്ചേരി ചെമ്മരിക്കാട്ട് വീട്ടിൽ പരേതനായ സി.എ. മാത്യുവിൻ്റെ ചെറുമകനും, മയിൽവാഹനം ട്രാൻസ്പോർട്ട് ഉടമയായ പരേതനായ സി.എം. എബ്രഹാമിൻ്റെ മകനുമാണ് സി.എ. മാത്യു. പൂർണ പിന്തുണയുമായി ഭാര്യ അനു മാത്യുവും ഒപ്പമുണ്ട്. ഷൊർണൂരിൽ ഒരു റൈഫിൽ പരിശീലന കേന്ദ്രം ആരംഭിക്കണമെന്നതാണ് മാത്യുവിൻ്റെ മറ്റൊരു സ്വപ്നം.




