തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണ്ണായക നീക്കവുമായി SIT. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ SIT നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.
ശബരിമല സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള സാമ്പത്തിക-വ്യക്തിഗത ഇടപാടുകളെക്കുറിച്ചും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടിക്കാഴ്ചയില്‍ അടൂര്‍ പ്രകാശും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ഡല്‍ഹി യാത്രയെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം.






