തിരുവനന്തപുരം: അങ്കമാലി – എരുമേലി ശബരി റെയില്‍ പദ്ധതിക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1900 കോടിയാണ് അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും അയച്ചു. കേരളം നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്.
പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതില്‍ 1900.4 കോടിയാണ് സംസ്ഥാനം നല്‍കുന്നത്. റെയില്‍പ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടര്‍ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടന്‍ ഉത്തരവിറങ്ങും.
ഭൂമിയുടെ നഷ്ടപരിഹാര തുകയടക്കം പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാരാണ് നല്‍കു. 416 ഹെക്ടറാണ് പദ്ധതിക്ക് വേണ്ടത്. 24.4 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കുക. ഇതിന് സ്‌പെഷ്യല്‍ ഓഫീസറെ റവന്യൂ വകുപ്പ് നിയമിക്കും.






