കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടലിൽ അതിക്രമം നടത്തി. ഹോട്ടലിലെ സാധനങ്ങൾ അടിച്ചുതകർത്ത യുവാവിനെ നാട്ടുകാർ ചേർന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ ചിലർക്കും പരിക്കേറ്റു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവ് ഹോട്ടലിൽ അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടിച്ചുനിർത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ ഹോട്ടലിൽ നിന്ന് വാങ്ങിയ മന്തിയുടെ അളവ് കുറഞ്ഞുപോയതാണ് പ്രകോപനത്തിന് കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
ഹോട്ടലിലെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.


