കൊച്ചി: എസ്‌എൻഡിപി–എൻഎസ്‌എസ് ഐക്യം ഇനി ചർച്ചയാകേണ്ട വിഷയമല്ലെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാധ്യമങ്ങൾ നടത്തുന്ന വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ സമുദായത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ള ആളുകളുണ്ടെന്നും ഓരോരുത്തർക്കും സ്വന്തം വിശ്വാസപ്രകാരം വോട്ട് ചെയ്യാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സ്ഥാനാർഥി നിർണയം പൂർത്തിയായ ശേഷം എസ്‌എൻഡിപി ബോർഡ് യോഗം ചേർന്ന് സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
സ്വർണക്കടത്ത് വിവാദം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമേ നിലനിൽക്കൂവെന്നും പിന്നീട് അതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ മൂന്നാമതും അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നും സർക്കാരിനെക്കുറിച്ച് തനിക്ക് പ്രതികൂല അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.




