കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ ആണ് മരിച്ചത്.
പനങ്ങാട് ഫിഷറീസ് കോളേജിലെ ബി.ടെക് ഫുഡ് ടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.
അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ അർജുനിനെ ഉടൻ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനെ തുടർന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.




