ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷനുടേതായ വിമാനം വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അപകടസ്ഥലത്ത് നിന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട് തകർന്നുവീണതായാണ് പ്രാഥമിക നിഗമനം.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ വിമാനത്തിന് വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.




