പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷന്റെ 131-ാമത് സംഗമത്തിന് പമ്പാ നദീതീരത്ത് തുടക്കമായി. മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ വന്നെങ്കിലും ഇപ്പോഴും ആശങ്കയുണ്ട്. വര്‍ഗീയ മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ന്യൂനപക്ഷ വേട്ട കേരളത്തില്‍ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ആക്രമിക്കപ്പെടുന്നുവെന്ന് ഒഡീഷ സംഭവം ചൂണ്ടിക്കാട്ടി മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്മസ് ദിനത്തിലെ അക്രമത്തിന്റെ അലയൊലി കേരളത്തില്‍ പോലും കേട്ടു. എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.




